കാലിഡോസ്‌കോപ്പ്


കാലിഡോസ്‌കോപ്പ് 





ഉത്സവപ്പറമ്പിലെ വെച്ചു വാണിഭക്കടയില്‍ നിരത്തിവച്ചിരിക്കുന്ന കാലിഡോസ്‌കോപ്പിന്റെ പരിഷ്‌കൃത രൂപങ്ങളില്‍ നോക്കി ഒരു നിമിഷം ഞാന്‍ നിന്നു. ഓര്‍മ്മകളില്‍  ആദ്യം നിറഞ്ഞു നിന്നത് പൊട്ടിയ തന്റെ കുപ്പിവളകള്‍ കൈകളില്‍ എടുത്ത് നിറഞ്ഞ മിഴികളുമായി നിന്ന അവളെയാണ്. മച്ചിന്‍ പുറത്ത് ഉപേക്ഷിക്കപ്പെട്ട പഴയ പെട്രോള്‍ മാക്‌സില്‍ നിന്നും മൂന്ന് കണ്ണാടി ചില്ലുകള്‍ എടുത്ത് ത്രികോണാകൃതിയില്‍ കടലാസു കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കവറുകൊണ്ട് ഒരു ഭാഗം മൂടി ഞാനുണ്ടാക്കിയ കണ്ണാടി വിസ്മയത്തില്‍ വര്‍ണ്ണത്തിന്റെ അത്ഭുതങ്ങളെ സൃഷ്ടിച്ചത് അവളായിരുന്നു, അവളുടെ ഉടഞ്ഞ കുപ്പി വളപ്പൊട്ടുകളായിരുന്നു.

കണ്ണുകള്‍ അടച്ച് അവള്‍ക്കു നേരെ ഉള്ളം കൈനീട്ടുവാനായിരുന്നു ആദ്യ കല്പന. കൗതുകത്തോടെ ആ നിഷ്‌കളങ്കതയെ ഞാന്‍ അനുസരിച്ചു. ഏറ്റവും ഇഷ്ടമുള്ള ഒരാളെ മനസില്‍ വിചാരിക്കാനായിരുന്നു രണ്ടാം കല്പന. തുറന്ന കണ്ണുകള്‍ക്കു മുന്നിലിരുന്ന അവളേക്കാള്‍ കൃത്യത എന്റെ അടഞ്ഞ കണ്ണുകള്‍ക്കു മുന്നില്‍ തെളിഞ്ഞ അവളുടെ ചിത്രത്തിനായിരുന്നു. ഇടം വലം തള്ള വിരലുകള്‍ ചേര്‍ത്ത് എന്റെ ഉള്ളം കയ്യില്‍ വച്ച് അവള്‍ ഒരു വളപ്പൊട്ടിനെ പൊട്ടിച്ചു. എന്റെ കയ്യിലേക്കു അടര്‍ന്നു വീണ ഒരു കഷ്ണം അതെനിക്കു അവളോടുള്ള പ്രണയമായിരുന്നു.

അവള്‍ അന്നു സമ്മാനിച്ച വളപ്പൊട്ടുകളായിരുന്നു എന്റെ കണ്ണാടി വിസ്മയത്തില്‍ ആദ്യമായി വര്‍ണങ്ങളുടെ മാസ്മരികത തീര്‍ത്തത്.

ഇന്ന് ഈ കാലിഡോസ്‌കോപ്പ് എന്നെ വീണ്ടും എന്റെ ഓര്‍മ്മകളുടെ തകരപ്പെട്ടിയില്‍ എത്തിച്ചു. ഏറെ തിരഞ്ഞിട്ടും ആ വളപ്പൊട്ടുകള്‍ ഒന്നും എനിക്കു കണ്ടെത്താനായില്ല.

പുറത്തേക്കിറങ്ങി... പൊട്ടിയ വളപ്പൊട്ടുകള്‍ തിരഞ്ഞ്. ആളൊഴിഞ്ഞ തുരുത്തിലും കുറ്റിക്കാട്ടിലും കണ്ടെത്തിയ വളപ്പൊട്ടുകള്‍ തേങ്ങുന്നതായി എനിക്കു തോന്നി. എന്റെ കണ്ണാടി വിസ്മയത്തില്‍ ഒരു വര്‍ണ്ണ പ്രപഞ്ചമൊരുക്കാന്‍ അവക്കായില്ല. അവഗണിക്കപ്പെട്ടവളുടേയും ഉപഭോഗ സംസ്‌കാരത്തിന്റെ ഇരകളാകേണ്ടിവന്നവളുടേയും തേങ്ങലുകള്‍ ആയിരുന്നു അതില്‍. നിഷ്‌കളങ്ക പ്രണയത്തിന്റെ വര്‍ണ്ണപ്പൊലിമ അവക്കുണ്ടായിരുന്നില്ല. അരുതെന്നു കേഴുന്ന നിസഹായത, ചീന്തി എറിയുന്ന നിഷ്‌കളങ്ക ബാല്യങ്ങള്‍, ചിതറി തെറിക്കുന്ന ചോരത്തുള്ളികള്‍... എന്റെ കണ്ണില്‍ ഇരുട്ടു കയറുന്നതായി എനിക്കു തോന്നി... നിസഹായതയുടെ നിലവിളികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കയ്യിലെ കണ്ണാടി വിസ്മയത്തെ നിലത്ത് എറിഞ്ഞുടച്ച് ഞാനെന്റെ തകരപ്പെട്ടി വലിച്ചടച്ചു...

Comments

Popular posts from this blog