പുനർജനി





നമ്മുടെ പ്രണയത്തിൻറെ 
അസ്ഥിത്തറയിൽ 
ഒടുക്കം തെളിച്ച തിരി 
കരിന്തിരി കത്തി അണഞ്ഞു.
അതിനരുകിൽ,
മരം പെയ്ത ഓർമ്മകളുടെ 
കുളിരറിഞ്ഞ മണ്ണിൽ 
ഒരു തണൽ അങ്കുരിച്ചു.
പിന്നോട്ട് തേര് തെളിക്കാൻ 
കാലം ഓർമ്മയെ സാരഥിയാക്കി.

ആദ്യ കാഴ്ച്ചയുടെ അകലം 
ഒപ്പമെത്താൻ താണ്ടിയ ദൂരം.
വാക്കുകളിൽ വരഞ്ഞ കവിത 



കണ്‍കളിൽ ജ്വലിച്ച പ്രണയം.
സന്ധ്യ തൻ ശോണ ഛായയിൽ 
പ്രണയം നിന്  മടിത്തട്ടിൽ 
ഉതിർത്ത ഗുൽമോഹർ.
ഗ്രീഷ്മത്തിന്റെ തീക്കനൽ 
ഓർമകൾക്ക് നീയൊരുക്കിയ ചിത,
എന്റെ പ്രണയത്തിനു സതി.

വിരലിൽ ദർഭപ്പുല്ലു ചുറ്റി 
ഇടം താങ്ങിയ വലം കരം 
വെള്ള ചോറുരുട്ടി 
എള്ളും പൂവുമായ് വാഴയിലയിൽ 
കൈകൊട്ടി കാകനു വിരുന്നൂട്ടി 
കർക്കിട വാവിലെ മഴയിൽ 
കുളിരും പുഴയുടെ ഉള്ളറിഞ്ഞ് 
പ്രണയത്തിനു ബലി.

ഗീത മുഴുമിച്ച കൃഷ്ണൻ 
സ്വർഗ്ഗസ്ഥനായി.
തേരിന്റെ കടിഞ്ഞാണ്‍ 
കാലം തിരികെ വാങ്ങി 
ഓർമ്മയെ പടികടത്തി 
വാതിൽ  കൊട്ടിയടച്ചു.
പ്രണയം ദഹിച്ച മണ്ണിൽ 
ഊറ്റോടെ വളർന്ന തണൽ 
കറുത്ത കാതലായിരുന്നു.

കാകന്  ഉരുളയില്ലാതെ 
കർക്കിടകം പലതു പെയ്തൊഴിഞ്ഞു.
പ്രണയം പുനർജനിച്ചു 
ഗതകാല ബോധമില്ലാതെ....

Comments

Post a Comment

Popular posts from this blog