Posts

Showing posts from June, 2015

വൃദ്ധന്‍

Image
ഇരുള്‍ നിറം പൂണ്ടു മൃതിയടുത്തെത്തുന്നു നിഴല്‍ രൂപമാര്‍ന്നു ചതി ചിരിച്ചു ഇരുളിലൊരൂന്നുവടി കൈകള്‍ തിരയുന്നു. വിരല്‍ മടക്കി ഗതകാലം കുറിക്കുന്നു മിഴിനീരിലൊഴുകി മായും സ്മൃതി. ഏകാന്തതക്കു പുല്‍പ്പായ നെയ്യുന്ന യൗവ്വനങ്ങള്‍ വഴികാട്ടിയാകുന്നു. മൃതി വരും കാലമെണ്ണി വരാന്തയില്‍ അനാഥവാര്‍ദ്ധിക്യമിഴഞ്ഞു തീരുന്നു.

ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു കത്ത്.

Image
ശോണ ചായം പുരണ്ട ഗര്‍ഭാശയ ഭിത്തിയില്‍ ഞാനെന്നൊരാശയം നിഴലിനപ്പുറം പകലൊളികാത്ത്. ഒരു നോക്കു മാത്രം ഒരു മാത്ര മാത്രം എന്‍ മിഴികളില്‍ നിന്നെയറിഞ്ഞ് ജീവന്റെ തുടിപ്പായ് അനാഥത്വത്തിന്റെ താരാട്ടു തൊട്ടിയില്‍ പിറന്നു വീഴുവാനെങ്കിലും അനുവാദമേകിടു. നിന്‍ കിനാക്കള്‍ക്കു കീഴെ ചതയുന്നിതെന്റെ മോഹങ്ങള്‍. ഒരു ഹൃദയത്തുടിപ്പായ് നിന്നില്‍ വളര്‍ന്ന് നിന്നില്‍ ഒടുങ്ങാന്‍ വിധി വാക്യമെഴുതിയ കടലാസു താളില്‍ നീ വിരലൊപ്പു             ചാര്‍ത്താതിരിക്കണേ... കാണട്ടെ എന്‍ കണ്‍കളുമീ ദൈവ കരവേലകളെ, അറിയട്ടെ ഞാനും തെന്നലും കുളിരും സുഗന്ധവും ഗ്രീഷ്മവും വര്‍ഷ വാസന്തങ്ങളും.....

അതിഥി

Image
വിരുന്നു വിളികളുമായൊരു കാകനെന്റെ തൊടിയിലെ വാഴയില്‍ വന്നിരിപ്പത് കാത്തിരുന്നു മിഴി കുഴഞ്ഞു. ക്ഷണിക്കപ്പെടാതെ വന്നവര്‍ അതിഥികളായി, ഹൃദയ രക്തം ഊറ്റിക്കുടിച്ച് ഉന്മത്തരായിയവര്‍ യാത്ര ചൊല്ലാതെ പടികടന്നു. രക്തം വാര്‍ന്നു വിളറിയ ശരീരത്തിനു വെളുപ്പു നിറം, ചുറ്റും പടര്‍ന്ന കറുപ്പില്‍ അതെന്നെ വേറിട്ടു നിറുത്തി.